Friday, June 11, 2010

കവിത
അറേബ്യന്‍ മലയാളികള്‍

രചന : വിജയന്‍ നണിയൂര്‍
__________________________________

ഈന്തപ്പനത്തോട്ടങ്ങളില്‍
സ്വപ്നങ്ങളെ തളകളാക്കി
ഉയരങ്ങള്‍ കീഴടക്കുമ്പോഴും

എണ്ണക്കിണറുകളില്‍ ജീവന്‍ചുമന്ന്
ഉറവകളുടെ ഉയിര്തേടി
ഉയലുമ്പോഴും

ഉത്തുംഗ സൌധങ്ങളുടെ ലാസ്യഭാവങ്ങള്‍ക്ക്
സഹനഭാവം കൊണ്ട്
ചാരുത ചാര്‍ത്തുമ്പോഴും

കാതങ്ങള്‍താണ്ടി തിരയടിച്ചെത്തുന്ന
പ്രിയപ്പെട്ടവരുടെ സ്നേഹ പരിഭവങ്ങളുടെ 
ചൂടും ചൂരുമേറ്റ്‌വാങ്ങി
മനസ്സിന്‍റെ നെരിപ്പോടില്‍
കനലുകളാക്കി കിനാവ്‌ കായുന്നിവര്‍
ഞങ്ങള്‍ അറേബ്യന്‍ മലയാളികള്‍

പൊരുത്തക്കേടുകളോടിണങ്ങിയും  പിണങ്ങിയും
പൊറുതിക്കര്ത്ഥം തേടുമ്പോഴും
സര്‍ഗ്ഗചേതനയുടെ ശാദ്വല തീരംപൂകി
കൈരളിക്കഭിമാനമായ് തീരുന്നിവര്‍
ഞങ്ങള്‍ അറേബ്യന്‍ മലയാളികള്‍

ഈ ഊഷരഭൂമിയെ
സുസ്മിതകുസുമങ്ങളുടെ പൂങ്കാവനങ്ങളായും
പ്രൌഡിയാര്‍ന്ന രാജവീഥികളായും
മനംകവരുന്ന മണിമന്ദിരങ്ങളുടെ
വിസ്മയലോകവുമാക്കിയുയര്‍ത്തവേ
രക്തസാക്ഷികളാകേണ്ടിവന്ന
ഭാരതാംബയുടെ  മക്കള്‍
അഴകപ്പന്‍ അബൂട്ടി അബ്ദുല്‍സലാം 
ദിദാര്‍ സിംഗ് സാമുവല്‍ജോണ്‍
അനില്‍ശര്‍മയുമ,ച്ചുതന്‍റെയും
സഹോദരങ്ങളാണിവര്‍, ഞങ്ങള്‍                                                     അറേബ്യന്‍ മലയാളികള്‍

ആശകളും ആയുസ്സും പണയപ്പെടുത്തി
പൊരുതിത്തളരുമ്പോഴും
അവഗണനയുടെകയ്പുനീര്‍ നീട്ടി പരിഹസിക്കുന്ന  
നെറികെട്ട ഭരണകൂടങ്ങളുടെ മര്‍മ്മം തകര്‍ക്കാന്‍
ഒരു വോട്ട് പോലുമില്ലാത്തവര്‍
ഞങ്ങള്‍ അറേബ്യന്‍ മലയാളികള്‍

ജീവകോശങ്ങള്‍ വിറ്റ്  വിറ്റുണ്ടാക്കിയ
കോടികള്‍ക്ക് പകരമായ്‌
ആകാശതമ്പ്രാക്കളുടെ നിരന്തര ചൂഷണം
നിര്‍ബാധം തുടരാന്‍
ചൂട്ട് വീശുന്നവരോടുള്ള നാവറുക്കപ്പെട്ടവരുടെ
മൌന പ്രതിഷേധമാണിവര്‍
ഞങ്ങള്‍ അറേബ്യന്‍ മലയാളികള്‍

പ്രക്ഷോഭ   കൊടുങ്കാറ്റിനെ
അന്ഗ്നിശലാകകളേറ്റുവാങ്ങുമ്പോള്‍  
കത്തിപ്പടരാന്‍ പാങ്ങ് നോക്കി
കാത്തിരിക്കുന്നിവര്‍
ഞങ്ങള്‍ അറേബ്യന്‍ മലയാളികള്‍
*********************************


Thursday, June 3, 2010


സഖാക്കളെ മുന്നോട്ട്

രചന: വിജയന്‍ നണിയൂര്‍


==========================================================

യുഗപ്രഭാവരെ..
രാഷ്ട്ര ശില്‍പികളെ..
രക്തസാക്ഷികളെ..
അഭിവാദ്യം....അഭിവാദ്യം....അഭിവാദ്യം...
മന്വന്തരങ്ങള്‍ക്ക് പൂത്താലിചാര്‍ത്തിയ
മാനവ സ്നേഹ മയൂഖങ്ങളെ
യുഗപ്രഭാവരെ അഭിവാദ്യം..
രാഷ്ട്രശില്‍പികളെ അഭിവാദ്യം..
രക്തസാക്ഷികളെ അഭിവാദ്യം...
യുവചേതനയുടെ അഭിവാദ്യം...

നൂപുരധ്വനികളുതിര്‍ത്തു ജനനി
സിന്ധുനദീതട ഭൂവില്‍
പാടിയുറക്കെയനുപല്ലവികള്‍
ഗംഗാപുളിനതരംഗങ്ങള്‍
വാല്മീകങ്ങളുടച്ചു ഋഷികള്‍
മാനിഷാദകള്‍ പാടീ... ( മന്വന്തരങ്ങള്‍ക്ക്....)

അടിമത്വത്തിന്‍ കറുത്ത ചങ്ങല
അറുത്ത്‌മാറ്റിയ സൂര്യന്മാര്‍
അടര്‍ക്കളങ്ങളില്‍ പിറന്ന നാടിന്‍
അഭിമാനക്കൊടി നാട്ടിയവര്‍
അഭിവാദ്യം നിങ്ങള്‍ക്കഭിവാദ്യം
സ്വതന്ത്ര ഭാരത ശില്‍പികളെ... ( മന്വന്തരങ്ങള്‍ക്ക്...)
x x x x
പുത്തന്‍ചിന്തകളറിവിന്‍മുത്തുകള്‍
തിരസ്ക്കരിക്കും മൃതബോധങ്ങള്‍
വര്‍ഗീയതയുടെ വിഷ വൃക്ഷങ്ങളെ
സാമ്രാജ്യത്വ സേവകരെ
മനുഷ്യന്‍റെ സ്വപ്‌നങ്ങള്‍ വിട്ടുതരൂ
വഴിമുടക്കാതെയീ പാത തരൂ
പാടട്ടെ സംഘഗാനം...
ഞങ്ങള്‍ പാടട്ടെ സ്നേഹഗീതം...( പുത്തെന്‍ചിന്തകള്‍...)
***** ***** *******